വിമതർക്ക് എതിരെ കടുത്ത നടപടിയുമായി കോൺ​ഗ്രസ്; ഇതുവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് 58 പേരെ

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുമ്പോൾ വിമതർക്കെതിരെ കോൺ​ഗ്രസ് കടുത്ത നടപടിയിലേക്ക്. പാർട്ടിക്കെതിരെ വിമത നീക്കം നടത്തുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നടപടി ആരംഭിച്ചു.

സീറ്റു ചർച്ചകളിൽ അതൃപ്തരായ സഖ്യകക്ഷികൾ പലയിടത്തും ഒറ്റയ്ക്ക് മത്സരിക്കുന്ന ഭീഷണി കൂടി നിലനിൽക്കവെ വിമതനീക്കങ്ങൾ നിയന്ത്രിക്കാനാണ് കർശന നടപടി.

വിമതസ്ഥാനാർത്ഥികളെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടി വരെയാണ് കെപിസിസിയുടെ പരിഗണനയിലുള്ളത്. കെപിസിസി സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങൾ അവഗണിച്ചാണ് പലയിടങ്ങളിലും വിമതർ രംഗത്തെത്തിയത്.

ഇതോടെ അനുനയ ചർച്ചകൾക്കു ശേഷവും പിന്മാറാതെ ഉറച്ചു നിൽക്കുന്ന വിമത സ്ഥാനാർത്ഥികളെ കൂട്ടത്തോടെ പുറത്താക്കാനാണ് തീരുമാനം. ഇതിന്റെ തുടർച്ചയായി 58 പേരെയാണ് കഴിഞ്ഞ ദിവസം പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

ഇതിൽ പാലക്കാട് മാത്രം 13 പേർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. വയനാട്ടിൽ 12 പേരെയും തിരുവനന്തപുരത്ത് 11 പേരെയുമാണ് വിമത പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.