കോണ്‍ഗ്രസ് പ്രതിഷേധം നോക്കി നിഷ്‌ക്രിയരായി നിന്നു; പൊലീസുകാര്‍ക്ക് നോട്ടീസ്, ഓഡർലി മാർച്ച് നടത്തണമെന്ന് എസ്.പി

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം നിഷ്‌ക്രിയമായി നോക്കി നിന്നെന്നാരോപിച്ച് പൊലീസുകാര്‍ക്കെതിരെ നടപടി. ഒരു എസ്ഐ ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്ക് എസ് പി നോട്ടീസയച്ചു.

വീഴ്ച വരുത്തിയ പൊലീസുകാര്‍ ഇന്ന് വൈകിട്ട് തനിക്ക് മുന്നില്‍ ഓഡര്‍ലി മാര്‍ച്ച് നടത്തണമെന്ന് എസ്പി ടി.കെ.രത്‌നകുമാര്‍ ആവശ്യപ്പെട്ടു. റോഡ് ഉപരോധ സമയത്ത് നടപടി എടുക്കാതെ പൊലീസ് കണ്ടുനില്‍ക്കുകയായിരുന്നു. പൊലീസ് നിഷ്‌ക്രിയരായി നില്‍ക്കുന്നത് സി സി ടി വിയില്‍ വ്യക്തമായി എന്നും നോട്ടീസില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എം പി ഓഫിസിനു നേരെയുണ്ടായ എസ് എഫ് ഐ ആക്രമണത്തെ തുടര്‍ന്നാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജൂണ്‍ 25നാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പരിധിയില്‍ വച്ച് യുത്ത് കോണ്‍ഗ്രസ് – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയത്.

Read more

അതേസമയം രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എസ്എഫ്ഐ മാര്‍ച്ചിനെ പ്രതിരോധിക്കുന്നതിനായുള്ള നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ദേശീയ നേതാവിന്റെ ഓഫീസ് ആണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഒരുക്കിയില്ലെന്നുമാണ് കണ്ടെത്തല്‍. എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.