ബിഡി- ബിഹാര്‍ വിവാദം: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബല്‍റാം; ബിജെപിയ്ക്ക് ആയുധം കൊടുക്കുന്ന തരത്തില്‍ ജാഗ്രത കുറവുണ്ടായി

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ബിഹാറില്‍ വോട്ട് ചോരിയില്‍ വലിയ ചര്‍ച്ചയുണ്ടാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര വലിയ ചലനമുണ്ടാക്കിയതിന് പിന്നാലെ ദേശീയ തലത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിങിന് പാര്‍ട്ടിയ്ക്കുള്ളില്‍ വ്യാപക വിമര്‍ശനം. കേരളത്തിലെ കോണ്‍ഗ്രസിന്റെ എക്‌സ് (ട്വിറ്റര്‍) പേജില്‍ വന്ന ബിഡി- ബിഹാര്‍ പോസ്റ്റ് വിവാദജമാകുകയും ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കുകയും ചെയ്തതോടെ കേരളത്തിലെ നേതൃത്വം വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായ വിവാദ പോസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞിരിക്കുകയാണ് വി ടി ബല്‍റാം.

ദേശീയതലത്തില്‍ വിഷയം വലിയ ചര്‍ച്ചയായതോടെ വിഷയത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും തെറ്റുപറ്റിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുറന്നു പറഞ്ഞിരുന്നു. പിന്നാലെയാണ് വി ടി ബല്‍റാം സോഷ്യല്‍ മീഡിയ വിങിന്റെ ചുമതല ഒഴിഞ്ഞിരിക്കുന്നത്. ജി.എസ്.ടി വിഷയത്തില്‍ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടു വന്ന കോണ്‍ഗ്രസ് കേരളയുടെ എക്‌സ് പ്ലാറ്റ് ഫോമിലെ പോസ്റ്റ് ആണ് വിവാദമായത്. വിഷയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമാവുകയും വോട്ടുകൊള്ളയില്‍ സ്തംഭിച്ചു നിന്ന ബിജെപി ബീഹാറികളെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് പറഞ്ഞു വിഷയം ആളിക്കത്തിക്കുകയും ചെയ്തതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. പോസ്റ്റ് പിന്‍വലിച്ചു തടിതപ്പാന്‍ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിനെ ഇകഴ്ത്തിയെന്ന് കാണിച്ച് ബിജെപി ദേശീയതലത്തില്‍ ഈ പോസ്റ്റ് വലിയ ചര്‍ച്ചാവിഷയമാക്കി കോണ്‍ഗ്രസിനെതിരെ പ്രയോഗിച്ചു.

ഇതോടെ കേരളത്തിലെ സോഷ്യല്‍ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്ന് അടക്കം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതില്‍ ശ്രദ്ധക്കുറവും അപാകതയും സംഭവിച്ചിട്ടുണ്ട്. അത് ശ്രദ്ധയില്‍പെട്ട ഉടനെ പിന്‍വലിച്ച് തിരുത്തി ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയ വിങ്ങിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന വി.ടി. ബല്‍റാം പറഞ്ഞത്, അദ്ദേഹത്തിന്റെ അറിവോടെയല്ല പോസ്റ്റ് വന്നത് എന്നാണെന്നും ബല്‍റാമിനെ പിന്തുണച്ചുകൊണ്ട് സണ്ണി ജോസഫ് പറഞ്ഞിരുന്നു. ചുമതലയില്‍ നിന്ന് തന്നെ മാറ്റണമെന്ന് ബല്‍റാം നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വിങ് പുനഃസംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

Read more

ഇതിന് പിന്നാലെയാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ അറിയിച്ചിരുന്നുവെന്നും വിടി ബല്‍റാം പറഞ്ഞത്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര സമാപിച്ചതിന് തൊട്ടുപിറകെ വന്നിരുന്ന വിവാദ പോസ്റ്റ് പ്രതിപക്ഷത്തിന് ബിഹാറില്‍ കിട്ടിയ മേല്‍ക്കൈയ്ക്ക് കോട്ടം ഉണ്ടാക്കുമോയെന്ന സംശയം ഉണ്ടാക്കി. ഇതോടെ പോസ്റ്റിലെ കാര്യങ്ങള്‍ ശരിയല്ലെന്നും തങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം വോട്ടര്‍ അധികാര്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആര്‍ജെഡിയുടെ തേജസ്വി യാദവ് പറയുകയും ചെയ്തിരുന്നു.