പി.ടി തോമസിന്റെ പൊതുദര്‍ശനത്തിന് ചെലവായ തുക കോണ്‍ഗ്രസ് തൃക്കാക്കര നഗരസഭയ്ക്ക് തിരിച്ചു നല്‍കി

പി.ടി.തോമസിന്റെ പൊതുദര്‍ശനത്തിന് ചെലവായ മുഴുവന്‍ തുകയും കോണ്‍ഗ്രസ് തൃക്കാക്കര നഗരസഭയ്ക്ക് തിരിച്ചു നല്‍കി. 4 ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ത്യക്കാക്കര നഗരസഭ അധ്യക്ഷയ്ക്ക് കൈമാറി.

പി ടി തോമസിന്റെ പൊതുദര്‍ശനത്തിനായി 4, 03,398 രൂപയാണ് ത്യക്കാക്കര നഗരസഭ ചെലവാക്കിയത്. പൂക്കള്‍ വാങ്ങുന്നതിന് മാത്രം 1,27000 രൂപയായി. ഭക്ഷണത്തിന് 35000 രൂപ. ഇതുപോലുള്ള ഒരു കാര്യത്തിന് ഇത്ര ഉയര്‍ന്ന തുകചെലവഴിയ്ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.

എല്‍ഡിഎഫ് അംഗങ്ങളുടെ അനുവാദത്തോടെയാണ് പണം ചെലവാക്കിയിരുന്നതെന്ന് ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു. പണം അനുവദിയ്ക്കുന്നതിനെ അനുകൂലിച്ചിരുന്നായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. 25000 രൂപ വരെയാണ് ചെയര്‍പേഴ്സണിന് അനുവദിയ്ക്കാനാകു. 4 ലക്ഷം രൂപ ചെലവഴിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ ആരോപിച്ചത്. പണം ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെയാണ് പൊതുദര്‍ശന ചടങ്ങുകള്‍ക്കായി ചെലവഴിച്ച മുഴുവന്‍ തുകയും കോണ്‍ഗ്രസ് നല്‍കിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് പൂക്കള്‍ ഉപയോഗിക്കരുതെന്നത് പി ടി തോമസ് പറഞ്ഞിരുന്നെങ്കിലും മൃതദേഹം വഹിച്ച് കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയില്‍ വാഹനം പൂക്കള്‍ കൊണ്ടലങ്കരിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.