മാര്‍ച്ചില്‍ മന്ത്രി ഉദ്ഘാടനം ചെയ്ത റോഡില്‍ വെള്ളക്കെട്ട്; ചെളിയില്‍ ഇരുന്ന് പ്രതിഷേധം

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ച ആധുനിക രീതിയിലുള്ള റോഡ് വെള്ളക്കെട്ടായതോടെ ചെളി വെള്ളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്. കോണ്‍ഗ്രസ്സ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം അഗസ്റ്റിന്‍ ആണ് ചെളി വെള്ളത്തില്‍ ഇരുന്നു പ്രതിഷേധിച്ചത്.

ദിവസവും എംഎല്‍എ ഉള്‍പ്പടെ ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഒക്കെ നിരവധി തവണ കടന്നു പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ ഇവര്‍ കണ്ടില്ല എന്ന് നടിച്ചതോടെയാണ് മണ്ഡലം പ്രസിഡന്റ് പ്രതിഷേധം അറിയിച്ച് ചെളിയില്‍ ഇരുന്നത്.

കിള്ളി, പങ്കജ കസ്തൂരി, കാന്തള കട്ടക്കോട് റോഡ് ഇപ്പോള്‍ വെള്ളക്കെട്ടായി മാറി യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതയാത്ര നല്‍കുകയാണ്. മഴ കനത്തതോടെ കാന്തള പ്രദേശത്ത് റോഡില്‍ വെള്ളം കെട്ടി നിന്ന് ഇവിടെ കാല്‍ നട പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മുട്ടോളം വെള്ളത്തില്‍ നടന്നു പോകുന്ന ആളുകളുടെ പുറത്തേക്ക് അത് വഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളി വെള്ളം തെറിക്കുന്ന സാഹചര്യമാണ്. റോഡില്‍ വെള്ളം നിറഞ്ഞാല്‍ സമീപ വീടുകളിലേക്ക് വെള്ളം ഒലിച്ചിറങ്ങും.

വര്‍ഷങ്ങളായി വെള്ള കെട്ടുള്ള സ്ഥലമാണിത്. റോഡ് നവീകരണം നടക്കുമ്പോള്‍ ഇതിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വശങ്ങളിലൂടെ വെള്ളം ഒഴുകി പോകാന്‍ സൗകര്യം ഒരുക്കാതെയാണ് റോഡ് നവീകരണം നടത്തിയത്. ഇതാണ് ഇപ്പോള്‍ സ്ഥിതി പണ്ടത്തെക്കാള്‍ മോശമായതിന് പിന്നിലെന്നാണ് ആരോപണം.