കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ച തൃപ്തികരം; വിശദാംശങ്ങള്‍ 27ന് അറിയിക്കാമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ലോക്‌സഭ സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ച തൃപ്തികരമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്ന് നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ 27ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ അറിയിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച പോസിറ്റീവ് അയിരുന്നെന്നും അഭ്യൂഹങ്ങള്‍ വേണ്ടെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി തങ്ങളെ കണ്ടിട്ട് കുഴപ്പമൊന്നും ഇല്ലല്ലോയെന്നും ചോദിച്ചു. കോണ്‍ഗ്രസുമായി ഇനി വിഷയത്തില്‍ ചര്‍ച്ച വേണമെന്നില്ല, യോഗത്തിന് ശേഷം വേണമെങ്കില്‍ ചര്‍ച്ചയാകാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായി ഇത് സംബന്ധിച്ച് ഇനി ചര്‍ച്ച വേണ്ടി വരില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ലീഗിന്റെ അധിക സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധികള്‍ വച്ചിരുന്നു. ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നല്‍കാം. രാജ്യസഭയില്‍ ലീഗിന് രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.