സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് വിവാദം ഗുണം ചെയ്തത് സതീശനും പിണറായിക്കും മാത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍, അനവസരത്തില്‍ എടുത്ത് ഉപയോഗിച്ച റിപ്പോര്‍ട്ട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി

ഉമ്മന്‍ചാണ്ടിക്കെതിരായ അതീജീവിതയുടെ ലൈംഗിക പീഡനപരാതിയെക്കുറിച്ചുള്ള സി ബിഐ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ കലാപം രൂക്ഷമാവുകയാണ്. സി പിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദം യു ഡി എഫിനെ വിഴുങ്ങുന്ന നിലയിലേക്ക് വളരുകയാണ്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ടെനി ജോപ്പന്‍ അറസ്റ്റു ചെയ്യപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു. കെ സി ജോസഫ് പറഞ്ഞ പോലെ ജോപ്പന്‍ അറസ്റ്റു ചെയ്യപ്പെട്ടതിന് ശേഷമാണ് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയിലേക്ക് സോളാര്‍ കേസിന്റെ കുന്തമുനകള്‍ തിരിയുന്നത്്. അവിടം മുതലാണ് ശരിക്കും സി പിഎം സോളാര്‍ കേസിന്റെ ഗുണഫലങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്

സോളാര്‍ കേസ് ഉമ്മന്‍ചാണ്ടിയിലേക്ക് തിരിച്ചതിന് പിന്നിലെ ബുദ്ധി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്നാണ് കെ സി ജോസഫ് പറയാതെ പറഞ്ഞത്. അത് തിരുവഞ്ചൂരിന് നന്നായി കൊള്ളുകയും ചെയ്തു. സി ബി ഐ റിപ്പോര്‍ട്ട് ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തന്ത്രപരമായ നീക്കമുണ്ടെന്നും തിരുവഞ്ചൂര്‍ അടക്കമുളള കോണ്‍ഗ്രസ്‌നേതാക്കള്‍ സംശയിക്കുന്നുണ്ട്്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് ഭീഷണി ഉയര്‍ത്തുന്ന രണ്ടു നേതാക്കളെ, രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഒതുക്കാന്‍ ഈ അന്വേഷണറിപ്പോര്‍ട്ട് സതീശന്‍ ആയുധമാക്കുന്നുവെന്ന സൂചയാണ് തിരുവഞ്ചൂര്‍ അടക്കമുളളവര്‍ നല്‍കുന്നത്.

അന്വേഷണറിപ്പോര്‍ട്ട് യു ഡി എഫിനുള്ളില്‍ ഇത്തരത്തിലൊരു പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് സി പി എമ്മിനും നന്നായി അറിയാമായിരുന്നു. അത് കൊണ്ടാണ് ഈ വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയതും.അടിയന്തിര പ്രമേയാവതരണം തിരിച്ചടിയായത് യു എഫിന് തന്നെയായിരുന്നു. അതിന് ശേഷം പ്രശ്‌നങ്ങള്‍ എല്ലാം ഉടലെടുത്തത് യുഡി എഫില്‍ തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഡലോചനയിലെ പ്രധാന വില്ലന്‍മാരിലൊരാള്‍ എന്ന് പറയപ്പെടുന്ന ദല്ലാള്‍ നന്ദകുമാര്‍ തന്റെ പത്ര സമ്മേളനത്തില്‍ പിണറായി വിജയനെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. പിണറായിക്ക് യാതൊരു പരിക്കുമില്ലാത്ത വിധത്തിലാണ് സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് വിവാദം ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

സോളാര്‍ കേസിന്‍െ പ്രഭവ കേന്ദ്രം യു ഡിഎഫ് സര്‍ക്കാരും അതിലെ മന്ത്രിമാരുമാണ്. സി പിഎം ഈ സംഭവത്തിലേക്ക് വരുന്നത് വളരെ കഴിഞ്ഞിട്ടാണ്. കെ ബി ഗണേഷ് കുമാറാണ് പരാതിക്കാരിയെ മററു യുഡി എഫ് മന്ത്രമാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ഉമ്മന്‍ചാണ്ടിയുടെ അഡീഷണല്‍ പി എ ആയ ടെനിജോപ്പന് പരാതിക്കാരിയെ പരിചയപ്പെടുത്തിക്കൊടുക്കുന്നതും കെ ബി ഗണേശ് കുമാര്‍ ആയിരുന്നുവെന്നാണ് സി ബി ഐ റിപ്പോര്‍ട്ട് പറയുന്നത്. ഈ റിപ്പോര്‍ട്ടിന് മേല്‍ വലിയ ചര്‍ച്ചയും വീണ്ടും അന്വേഷണവും അല്‍ക്കുല്‍ത്തും വന്നാല്‍ പരിക്കേറെ ഏല്‍ക്കുക യുഡി എഫിന് തന്നെയായിരിക്കും. ഇത് നന്നായി അറിയാവുന്നത് സി പിഎമ്മിനാണ്. ഗണേശ് കുമാറും, ശരണ്യമനോജുമൊന്നും സി പി എമ്മിനെ സംബന്ധിച്ചിടത്തോളം എപ്പോള്‍ വേണമെങ്കിലും ഉപേക്ഷിച്ച കൈകകഴുകാവുന്ന വ്യക്തികളാണ്.

സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇനി മറ്റു അന്വേഷണങ്ങള്‍ വേണ്ടെന്ന ചാണ്ടി ഉമ്മന്റെ നിലപാടും യു ഡി എഫിനുണ്ടാകുന്ന പരിക്ക് തിരിച്ചറിഞ്ഞുകൊണ്ടാണ്. അത്് കൊണ്ട് തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് വിവാദം കെട്ടടങ്ങുകയും വി ഡി സതീശനും പിണറായി വിജയനും മാത്രം ഈ വിവാദത്തിന്റെ ഗുണഭോക്താക്കള്‍ ആയി മാറുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്‌സ് നേതാക്കള്‍ തന്ന പറയുന്നു.