'ക്രിമിനലുകള്‍ക്ക് സുരക്ഷ കൊടുക്ക്, ഞങ്ങള്‍ക്ക് വേണ്ട'; രോഷാകുലരായി കോണ്‍ഗ്രസ് നേതാക്കള്‍, പൊലീസിനെ ഡി.സി.സി ഓഫീസിൽ പുറത്താക്കി

വയനാട് ഡിസിസി ഓഫീസില്‍ സുരക്ഷ നല്‍കാനെത്തിയ പൊലീസുകാരോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാര്‍ത്താ സമ്മേളനത്തിന് ഇടയിലുണ്ടായ തര്‍ക്കത്തിന്റെ ശബ്ദം കേട്ട് അകത്തേക്ക് എത്തിയ പൊലീസുകാര്‍ക്ക് നേരെയായിരുന്നു നേതാക്കളുടെ രോഷ പ്രകടനം.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്ന പൊലീസ് ഇവിടെയും സുരക്ഷ നല്‍കേണ്ടെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഡിസിസി ഓഫീസിന് സംരക്ഷണം പൊലീസിന്റെ സംക്ഷണം വേണ്ടെന്നും പോയി ക്രിമിനലുകള്‍ക്ക് സുരക്ഷ നല്‍കുവെന്നും ടി സിദ്ദിഖ് പറഞ്ഞു. ഇന്നെല ക്രിമിനലുകളെയാണ് പൊലീസ് സംരക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമുള്ളപ്പോള്‍ സംരക്ഷണം ലഭിച്ചില്ലെന്ന് ഐസി ബാലകൃഷ്ണനും പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് സംരക്ഷിക്കാനും ഇവിടത്തെ പ്രവര്‍ത്തകരെ സംരക്ഷിക്കാനും കോണ്‍ഗ്രസുകാര്‍ക്കറിയാം. അതിന് പിണറായിയുടെ വാലാട്ടികളായ ഒരു പൊലീസുകാരും ആവശ്യമില്ല. ഈ ഡിസിസി ഓഫീസിലേക്ക് സുരക്ഷയുടെ പേര് പറഞ്ഞ് ഒരു പൊലീസും ഇങ്ങോട്ടും കയറേണ്ടതില്ലെന്നും ഡിസിസി നേതാക്കള്‍ പറഞ്ഞു. നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഗേറ്റിന് പുറത്തേക്ക് മാറി.

അതേസമയം രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകര റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ആറ് പേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.