'കൊലയാളി കോൺഗ്രസേ നിനക്കിനി ഒരു ഇരകൂടി'; വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു

വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവ് എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പത്മജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ച് പത്മജ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.

2024 ഡിസംബർ 25-നാണ് വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.

പിന്നാലെ ഇക്കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എൻ എം വിജയന്റെ കുടുംബം രംഗത്തുവന്നിരുന്നു. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകൾ പത്മജ പറഞ്ഞിരുന്നു. കല്‍പ്പറ്റ എംഎല്‍എ ടിസിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എൻ എം വിജയന്‍റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടിസിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറഞ്ഞിരുന്നു.

ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എംഎല്‍എയുടെ പിഎ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചിരുന്നു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എംഎല്‍എ പറഞ്ഞത്. കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ പറഞ്ഞിരുന്നു.

Read more