സന്തോഷം, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് അനുപമ

വിവാദ ദത്തുക്കേസിൽ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കുഞ്ഞിനെ വിട്ടുകിട്ടിയതിന് പിന്നാലെ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് അനുപമ. കുഞ്ഞിനെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനെ ലഭിക്കാനായി കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും അനുപമ പ്രതികരിച്ചു. കോടതിയില്‍ നിന്ന് കുഞ്ഞുമായി തിരിച്ച് പോകവെയാണ് അനുപമ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നന്ദി അറിയിച്ചത്.

കുഞ്ഞിനെ ലഭിച്ചെങ്കിലും സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതി കുഞ്ഞിനെ അനുപമയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവിട്ടത്.

ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

ഇന്ന് മൂന്ന് മണിയോടെ അനുപമയുടെ കുഞ്ഞിനെയും വഞ്ചിയൂര്‍ കുടുംബകോടതിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടറെ എത്തിച്ച് വൈദ്യപരിശോധനകള്‍ നടത്തിയതിന് ശേഷം കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ആന്ധ്രയിലെ ദമ്പതിമാരുടെ കയ്യില്‍ നിന്ന് തിങ്കളാഴ്ച കേരളത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ നിര്‍മല ശിശുഭവനിലായിരുന്നു സംരക്ഷിച്ചിരുന്നത്.

Read more

കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വനിതാ ശിശുക്ഷേമ വികസന ഡയറക്ടർ ടി.വി അനുപമയുടേതാണ് റിപ്പോർട്ട്. ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.