പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള 16 വിമാനങ്ങൾ കൂടിയാണ് റദ്ദാക്കിയത്. മസ്‌കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസ് റദ്ദാക്കിയിട്ടില്ല.
കൊച്ചിയിലേക്കുള്ള 8 സർവീസുകളും റദ്ദാക്കി. ഇന്ന് രാവിലെ 7 മണിക്കും രാത്രി 12നും ഇടയിൽ കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 16 വിമാനങ്ങൾ റദ്ദാക്കി. മസ്‌ക്കറ്റിലേക്കുള്ള ഒമാൻ എയർ വിമാനം രാവിലെ 8.10 നും സൗദി എയറിന്റെ ജിദ്ദ വിമാനം രാവിലെ 11.30 നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നും അബുദാബി, ദുബായ്, ദോഹ, ദമാം, സൗദി, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള 17 സർവീസുകൾ റദ്ദാക്കി. കുവൈത്ത്, ഷാർജ സർവീസുകളാണ് കൂടുതലും റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ് എമിറേറ്റ്സ്, ഇൻഡിഗോ അടക്കം സർവീസുകൾ നിർത്തിവച്ചു.
Read more
തിരുവനന്തപുരത്ത് ടെർമിനൽ 2 വിൽ ഹെൽപ്പ് ലൈൻ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കി. ഇതോടെ ആകെ 34 സർവീസുകളാണ് സ്തംഭിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗൾഫ് മേഖലയിലേക്ക് പുറപ്പെടേണ്ട 22 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിലേക്ക് എത്താനുള്ള 21 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് രാവിലെ റിയാദിലേക്ക് ഉള്ള രണ്ട് വിമാനങ്ങൾ പുറപ്പെട്ടു.







