എം.ജി കലോത്സവത്തിനിടെ സംഘര്‍ഷം; പൊലീസുകാരനെ ആക്രമിച്ച കെ.എസ്.യു പ്രവര്‍ത്തകന്‍ പിടിയില്‍

പത്തനംതിട്ടയില്‍ നടക്കുന്ന എം.ജി സര്‍വകലാശാല കലോത്സവത്തിനിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. റോയല്‍ ഓഡിറ്റോറിയത്തില്‍ സമൂഹഗാന മത്സരം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഇതിനിടെ സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസുകാരന് നേരെയും ആക്രമണം ഉണ്ടായി.

കെഎപി മൂന്നിലെ പൊലീസ് ഉദ്യോഗസ്ഥന്‍ മോഹന കൃഷ്ണന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തിന്റെ കീഴ്ച്ചുണ്ടിന് മുറിവ് പറ്റി. സംഘര്‍ഷത്തിനിടെ പൊലീസുകാരനെ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു.

പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. കെ.എസ്.യു പ്രവര്‍ത്തകനായ ഹാഫിസാണ് പിടിയിലായത്.

എംജി കലോത്സവത്തിന് ഇന്നലെയാണ് തുടക്കമായത്. 262 കോളജുകളില്‍ നിന്നായി എണ്ണായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളിലും ഇക്കുറി പ്രത്യേക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് കലോത്സവം സമാപിക്കുക.