വര്‍ക്കലയില്‍ വി മുരളീധരനെതിരെ പരാതി; ബോര്‍ഡുകളില്‍ വിഗ്രഹത്തിന്റെ ചിത്രം; ചട്ടലംഘനമെന്ന് എല്‍ഡിഎഫ്

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മണ്ഡലത്തില്‍ വി മുരളീധരനായി വോട്ട് അഭ്യര്‍ത്ഥിച്ച് സ്ഥാപിച്ച ബോര്‍ഡുകളില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ വര്‍ക്കലയിലാണ് സംഭവം.

ലോക്‌സഭ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്ന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെയും വി മുരളീധരന്റെയും ചിത്രത്തിനൊപ്പമാണ് വിഗ്രഹത്തിന്റെയും ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് ഗുരുതര ചട്ടലംഘനമായി എല്‍ഡിഎഫ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്. ഇത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.