മോഷണം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവം; റിപ്പോര്‍ട്ട് തേടി പട്ടികജാതി കമ്മീഷന്‍

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പട്ടികജാതി കമ്മീഷൻ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടി. പത്ത് ദിവസത്തിനകം മറുപടി നൽകണമെന്ന് ഡിജിപിയോട് നിർദ്ദേശിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.

വെള്ളിയാഴ്ച ആറ്റിങ്ങലിൽ വെച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു.

പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തിൽ ഒതുക്കി. ഇതോടെ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെ ഐജിക്ക് അന്വേഷണ ചുമതല നൽകി. പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ട പെൺകുട്ടിക്ക് ജില്ലാ ശിശു വികസനസമിതി കൗൺസിലിംഗ് നൽകി.

പരസ്യവിചാരണക്ക് ഇരയായ ജി. ജയചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് ഇപ്പോൾ നടപടി. മകളെയും തന്നെയും പൊലീസുദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്ര കുത്തി അപമാനിച്ചതായി പരാതിയിൽ പറയുന്നു. മകളെ കേസിൽ ഉൾപ്പെടുത്തുമെന്നും പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. താനും മകളും പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോദ്ധ്യപ്പെട്ടതു കൊണ്ടാണ് എതിർകക്ഷി തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. എതിർകക്ഷിയിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.