സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കും

സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് നിര്‍ദ്ദേശം. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലെ പൊതുപണിമുടക്ക് പ്രമാണിച്ചുള്ള അവധി കണക്കിലെടുത്താണ് ഇന്ന് അവധിയുള്ള സ്ഥാപനങ്ങള്‍ക്ക് തുറക്കാമെന്ന് അറിയിച്ചത്. സഹകരണ റജിസ്ട്രാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ബാങ്ക് ഭരണസമിതിയുടെ അനുമതി ഉണ്ടെങ്കില്‍ നാളെയും പ്രവര്‍ത്തിക്കാവുന്നതാണ്.

രണ്ട് ദിവസത്തെ ബാങ്ക് അവധിയും 28, 29 തിയതികളിലെ അഖിലേന്ത്യാ പണിമുടക്കും കാരണം ഇന്ന് മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹകരണ ബാങ്കുകള്‍ക്കായുള്ള നിര്‍ദ്ദേശം പുറത്ത് വന്നത്. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട്.

തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ അവകാശപത്രിക ഉടന്‍ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദ്വിദിന സമരം. സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓള്‍ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനിടയില്ല. മാര്‍ച്ച് 28 രാവിലെ ആറ് മണി മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്.