ജന്മഭൂമി കരിമണല്‍ ഖനനത്തെ വെള്ളപൂശി; മുഖപ്രസംഗവുമായി പത്രം പുറത്തിങ്ങിയപ്പോള്‍ മുഖ്യ പത്രാധിപസ്ഥാനം രാജിവെച്ചു; വെളിപ്പെടുത്തലുമായി ഹരി എസ് കര്‍ത്ത

ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്മഭൂമി ദിനപത്രത്തിന്റെ മുഖ്യ പത്രാധിപസ്ഥാനം രണ്ടു പ്രാവശ്യം രാജിവെച്ചത് എന്തിനെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ് കര്‍ത്ത.

കരിമണല്‍ വ്യവസായി എസ്. എന്‍.ശശിധരന്‍ കര്‍ത്തക്കെതിരെ നിലപാട് എടുത്തുകൊണ്ടാണ് ജന്മഭൂമിയില്‍ നിന്നു പുറത്ത് പോകേണ്ടിവന്നതെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

എന്റെ അറിവോ സമ്മതമോ കൂടാതെ, കരിമണല്‍ ഖനനത്തെ വെള്ള പൂശുന്ന മുഖപ്രസംഗവുമായി പത്രം പുറത്തിറങ്ങിയപ്പോഴാണ്. രണ്ടു ദിവസം മുഖ്യ പത്രാധിപര്‍, അതായത് ഞാന്‍, സ്ഥലത്തില്ലാതിരുന്ന അവസരത്തിലാണ്, എന്നെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു സഹ പ്രവര്‍ത്തകന്‍ എഴുതിയ ആ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്.

കൂടുതല്‍ തര്‍ക്കത്തിനൊന്നും മിനക്കെടാതെ, ഒരു വികാരമായി ഞാന്‍ കരുതിയിരുന്ന ആ പത്ര സ്ഥാപനത്തില്‍ നിന്ന് വേദനയോടെ, അതിലേറെ ധാര്‍മിക രോഷത്തോടെ പടിയിറങ്ങി. വിവരം അറിഞ്ഞ അഭ്യുദയകാംഷികള്‍ പലരും എന്നെ വിളിച്ച് അനുശോചനം അറിയിച്ചു. അന്ന് എന്നെ അഭിനന്ദിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരിമണല്‍ ഖനനത്തിനെതിരെ കുരിശ് യുദ്ധം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരനെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഹരി എസ് കര്‍ത്ത 40 വര്‍ഷത്തിലധികമായി മാധ്യമരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ്. ജന്മഭൂമിക്ക് പുറമെ . അമൃത ടിവി സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍, റോയിട്ടേര്‍സ്, ഗള്‍ഫ് ന്യൂസ് , ഇക്കണോമിക്സ് ടൈംസ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലേഖകന്‍ എന്നീ നിലകളിലും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു കര്‍ത്താ(വ് ) കൂടി വാര്‍ത്തയില്‍ നിറയുന്നു. ഒന്നര വര്‍ഷത്തിലേറെ മുമ്പ് വാര്‍ത്താ മാധ്യമങ്ങള്‍ വിവാദ പുരുഷനാക്കിയത് മറ്റൊരു കര്‍ത്തായെ ആയിരുന്നു.ഒരു സാധാരണ മാധ്യമ പ്രവര്‍ത്തകനായ ഈയുള്ളവനെ. രാജ് ഭവനിലെ എന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു അത്. അന്നത്തെ വിവാദത്തിന്റെ കാര്യ കാരണങ്ങളിലേക്ക് ഇവിടെ ഇപ്പോള്‍ കടക്കുന്നില്ല.

മാധ്യമങ്ങള്‍ക്ക് അതൊരു അടഞ്ഞ അദ്ധ്യായമാണ്, എനിക്ക് അങ്ങനെ അല്ലെങ്കില്‍ കൂടി.
ഇപ്പോള്‍ വിവാദ നായകന്‍ കോടികളുടെ കച്ചവടം നടത്തി വരുന്ന ആലുവയിലെ കരിമണല്‍ വ്യവസായി എസ്. എന്‍.ശശിധരന്‍ കര്‍ത്താ. അദ്ദേഹത്തിന്റെ സ്ഥാപനം മുഖ്യമന്ത്രിയുടെ മകള്‍ക്ക് രണ്ട് കോടിയോളം ‘കണ്‍സല്‍ട്ടന്‍സി ഫീ’ നല്‍കി എന്നതിനെ ചൊല്ലിയാണല്ലോ വിവാദം.

കര്‍ത്താക്കള്‍ വംശനാശ ഭീഷണി നേരിടുന്ന ഒരു ന്യൂന പക്ഷമാണ്. വിരലില്‍ എണ്ണാവുന്നവരെ ഉള്ളൂ അവര്‍.അതു കൊണ്ട് തന്നെ കര്‍ത്താക്കള്‍ തമ്മില്‍ ഒരു വര്‍ഗ സ്‌നേഹവും സന്മനോഭാവവുമൊക്കെ ഉണ്ടാവുക സ്വാഭാവികം. പക്ഷെ ഞാനും ശശിധരന്‍ കര്‍ത്തായും തമ്മില്‍ അങ്ങനെയൊന്നും ഒരു കാലത്തും ഉണ്ടായിട്ടില്ല.

എനന്നാല്‍ പോലും കരിമണല്‍ കര്‍ത്താ മുഖ്യമന്ത്രിയുടെ മകള്‍ക്ക് കോടികള്‍ കൊടുത്തതില്‍ അഴിമതിയോ അസ്വാഭാവികതയോ ഉണ്ടോ എന്നത് ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല. ശശിധരന്‍ കര്‍ത്തായും കരിമണല്‍ കമ്പനിയും അറിഞ്ഞോ അറിയാതെയോ ആണോ എന്നുറപ്പില്ലെങ്കിലും, എന്റെ മാധ്യമ ജീവിതചരിത്രത്തില്‍ നിര്‍ണായകമായതിന്റെ ഓര്‍മ്മകള്‍ ഇപ്പോള്‍ തികട്ടി വരുന്നത് കൊണ്ട് മാത്രമാണ് ഈ കുറിപ്പ്.

രണ്ട് വ്യത്യസ്ഥ കാല ഘട്ടങ്ങളിലായി ഞാന്‍ ഒഒരേ പത്രത്തിന്റെ മുഖ്യ പത്രാധിപര്‍ ആയിരുന്നു. രണ്ട് അവസരങ്ങളിലും, ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ ഉത്തരവാദിത്വം എനിക്ക് സ്വയം ഒഴിയേണ്ടി വന്നത് കര്‍ത്തായും കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ടാണെന്നത് വിരോധാഭാസമെന്നോ വിധി വൈപരീത്യം എന്നോ തോന്നാം. പക്ഷെ അത് ചരിത്രത്തിന്റെ ഒരു ആവര്‍ത്തനമായിരുന്നു.

ആദ്യം മുഖ്യ പത്രാധിപ പദവി രാജി വച്ചൊഴിഞ്ഞത്, എന്റെ അറിവോ സമ്മതമോ കൂടാതെ, കരിമണല്‍ ഖനനത്തെ വെള്ള പൂശുന്ന മുഖപ്രസംഗവുമായി പത്രം പുറത്തിറങ്ങിയപ്പോഴാണ്.
രണ്ടു ദിവസം മുഖ്യ പത്രാധിപര്‍, അതായത് ഞാന്‍, സ്ഥലത്തില്ലാതിരുന്ന അവസരത്തിലാണ്, എന്നെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു സഹ പ്രവര്‍ത്തകന്‍ എഴുതിയ ആ മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടത്.

കൂടുതല്‍ തര്‍ക്കത്തിനൊന്നും മിനക്കെടാതെ, ഒരു വികാരമായി ഞാന്‍ കരുതിയിരുന്ന ആ പത്ര സ്ഥാപനത്തില്‍ നിന്ന് വേദനയോടെ, അതിലേറെ ധാര്‍മിക രോഷത്തോടെ പടിയിറങ്ങി. വിവരം അറിഞ്ഞ അഭ്യുദയകാംഷികള്‍ പലരും എന്നെ വിളിച്ച് അനുശോചനം അറിയിച്ചു. അന്ന് എന്നെ അഭിനന്ദിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരിമണല്‍ ഖനനത്തിനെതിരെ കുരിശ് യുദ്ധം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അതേ പത്രത്തില്‍ മുഖ്യ പത്രാധിപര്‍ പദവി നല്‍കാനുള്ള മഹാമാനസ്‌കത മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായി. പക്ഷെ ചരിത്രം ആവര്‍ത്തിച്ചു, കരിമണലിലൂടെ, കര്‍ത്തായിലൂടെ, ഒരിക്കല്‍ കൂടി. ആറ് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് വീണ്ടും ഇറങ്ങി പോകാന്‍ എന്നെ നിര്‍ബന്ധിതനാക്കിയതില്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്നെയും നിര്‍ണായക പങ്ക്.

കരിമണല്‍ കമ്പനിയുടെ രജത ജൂബിലി ആഘോഷവേളയില്‍ മുഖ്യാതിഥി ആയി എത്തിയത് അന്ന് വ്യവസായ മന്ത്രി ആയിരുന്ന മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലി കുട്ടി. മക്കയില്‍ ‘ഉംറ’ കഴിഞ്ഞ് മടങ്ങി എത്തിയ കുഞ്ഞാലി കുട്ടിയുടെ കേരളത്തിലെ ആദ്യ പരിപാടി ആയിരുന്നു അത്. കരിമണല്‍ കമ്പനിയെ പ്രകീര്‍ത്തിച്ച് അദ്ദേഹം അന്നവിടെ ചെയ്ത പ്രസംഗം എന്റെ പ്രതിവാര പങ്ക്തിയില്‍ വിമര്‍ശനവിധേയമായി.

കരിമണല്‍ ഖനനവും കമ്പനിയും കര്‍ത്തായും കുഞ്ഞാലി കുട്ടിയും നിശിതമായി വിമര്‍ശിക്കപ്പെട്ടു. ‘ഉംറ’ കഴിഞ്ഞെത്തിയ ‘കുഞ്ഞാലി കുട്ടിയെ അല്ലാഹ് രക്ഷിക്കട്ടെ, അല്ലാഹ് അക്ബര്‍ ‘എന്ന വരികളോടെയാണ് ആ ലേഖനം അവസാനിപ്പിച്ചത്. അതോടെ ഏറെ വായിക്കപ്പെട്ടിരുന്ന ‘തികച്ചും വ്യക്തിപരം’ എന്ന എന്റെ ആ പ്രതിവാര പങ്ക്തിയും പത്രാധിപ പദവിയും സ്വയം ഉപേക്ഷിച്ചിറങ്ങി പോവുകയായിരുന്നു പിന്നെയും.

ഈശ്വരന്‍ തെറ്റ് ചെയ്താലും അത് റിപ്പോര്‍ട്ട് ചെയ്യണം എന്ന് പണ്ട് ആരോ പറഞ്ഞു വെച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ അങ്ങനെ വല്ല വാശിയും ആരെങ്കിലും വെച്ച് പുലര്‍ത്തുന്നു എങ്കില്‍ വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞു കൂടുകയേ വഴിയുള്ളൂ. ഈശ്വരന്‍ ചിലപ്പോള്‍ ക്ഷമിക്കും. ചെകുത്താന്മാര്‍ ഒരിക്കലും പൊറുക്കില്ല, മറക്കില്ല.