സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തത്തെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടേഴ്‌സിന്റെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ആ അന്വേഷണത്തിനു ശേഷമേ തീപ്പിടുത്തത്തിന്റെ കൃത്യമായ കാര്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജിലേക്ക് പോയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രന്‍ (59), വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍ (70), എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടര്‍ന്നതിനിടെയാണ് 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയത്. ഈ മൂന്നു പേരുടെ കൂടാതെ ഗംഗ (34), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണു നിലവില്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.
Read more
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നിട്ടുണ്ട്. ഇന്നലെ മരണപ്പെട്ട രണ്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ തീരുമാനമെടുക്കും. ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങള്‍ സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. മരിച്ച അഞ്ചുപേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴെ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു എന്നതുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചത്







