ഇത് ചരിത്രനിമിഷം! ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി

ലണ്ടന്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയായി പിണറായി വിജയന്‍. വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമായി കിഫ്ബി വരുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്ക് ഈ ക്ഷണം ലഭിച്ചത്. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമായാണ്. വിപണി തുറക്കല്‍ ചടങ്ങില്‍ ധനകാര്യമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.

നേരത്തെ ദേശീയപാത അതോറിറ്റിയും എന്‍.ടി.പി.സി.യും ബോണ്ടുകള്‍ പുറപ്പെടുവിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരി, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കിഫ്ബിക്കു മാത്രമല്ല സംസ്ഥാനത്തിനു തന്നെ നാഴികക്കല്ലാകുന്ന ഒരു വിനിമയമാണിത്. ഓഹരി വില്‍പനയ്ക്കിറങ്ങുന്ന ലോകമെമ്പാടുമുള്ള കക്ഷികള്‍ക്ക് വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള വേദിയാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ച്.

കിഫ്ബിയും സംസ്ഥാനസര്‍ക്കാരും ഒരുകൊല്ലമായി നടത്തുന്ന പരിശ്രമത്തിന്റെ ഫലമാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്ചേഞ്ചിലെ ഈ വിപണി തുറക്കല്‍ ചടങ്ങ്. നിക്ഷേപകരുടെ വിപുലമായ ശ്രേണിയില്‍ നിന്ന് കിഫ്ബിയുടെ ഓഹരിക്കു ലഭിച്ച സബ്സ്‌ക്രിപ്ഷന്‍ ഈ മാതൃകയ്ക്ക് ആഗോള നിക്ഷേപക സമൂഹത്തില്‍ ഉണ്ടായിട്ടുള്ള അംഗീകാരത്തിന്റെ തെളിവാണ്. അടുത്ത മൂന്നു കൊല്ലത്തിനകം അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുക എന്ന വളര്‍ച്ചാലക്ഷ്യം നേടാന്‍ ഈ ഓഹരി വ്യാപാരം കിഫ്ബിക്കു തുണയാകും.

ഓഹരി വാങ്ങുന്നവര്‍ക്കു റിട്ടേണ്‍ സുസ്ഥിരമായി ഉറപ്പാക്കുന്ന യീല്‍ഡ് കര്‍വ് വിദേശ വിപണിയില്‍ കിഫ്ബി ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ഇത് രാജ്യത്തെ കീഴ്തല ഓഹരികളുടെ വിപണനത്തിനു വഴിയൊരുക്കും. മൂലധനം വാങ്ങി അടിസ്ഥാന സൗകര്യ-ആസ്തി വികസനത്തില്‍ നിക്ഷേപിച്ച് നിയന്ത്രിതമായി നേട്ടമുണ്ടാക്കുന്ന തരത്തില്‍ കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ധനശേഖരണ മാതൃകയ്ക്ക് രാജ്യാന്തര നിക്ഷേപകര്‍ക്കിടയിലുള്ള സ്വീകാര്യത ഈ ഓഹരി വില്‍പ്പന വ്യക്തമാക്കിയിരിക്കുകയാണ്.