പാലാ ബിഷപ്പിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങൾ മനസ്സിലാക്കാതെ: സുരേഷ്​ ഗോപി

പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ മറുപടി ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന് സുരേഷ് ​ഗോപി എം പി. ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാം എന്ന് സുരേഷ് ഗോപി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കേന്ദ്രം സഭാ അദ്ധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകൾ ചർച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വേഗം നടത്തും എന്നും സുരേഷ് ​ഗോപി പറഞ്ഞു.

പാലാ ബിഷപ്പ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ല. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നും സുരേഷ് ​ഗോപി അഭിപ്രായപ്പെട്ടു.

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം അടിസ്ഥാനരഹിതം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. നിർഭാ​ഗ്യകരമായ പരാമർശവും അതിലൂടെ നിർഭാ​ഗ്യകരമായ വിവാദവുമാണ് നമ്മുടെ നാട്ടിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിച്ചെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.