അവസാന ആള്‍ക്കും ഓണക്കിറ്റ് നല്‍കിയ ശേഷമേ ഇന്ന് റേഷന്‍കട അടയ്ക്കൂ: മന്ത്രി ജി.ആര്‍ അനില്‍

അവസാന ആള്‍ക്കും ഓണക്കിറ്റ് നല്‍കിയ ശേഷമേ ഇന്ന് റേഷന്‍കട അടയ്ക്കൂവെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍ കടകളില്‍നിന്ന് കിറ്റ് വാങ്ങേണ്ടവര്‍ ഇന്നത്തെ ദിവസം പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അറിയിച്ചു.

ആളുകള്‍ റേഷന്‍ വാങ്ങാന്‍ വരുന്നത് അവസാന ദിവസങ്ങളിലാണ്. ചില കേന്ദ്രങ്ങളില്‍ ആളുകള്‍ വളരെ താമസിച്ചാണ് കിറ്റ് വാങ്ങാന്‍ എത്തിയത്. ഇന്നലെ രാത്രിയോടെ മൂന്നുലക്ഷം ആളുകള്‍ കിറ്റുവാങ്ങിക്കഴിഞ്ഞു. ക്ഷേമസ്ഥാപനങ്ങള്‍, അഗതി മന്ദിരങ്ങള്‍, ആദിവാസി ഊരുകള്‍ എന്നിവിടങ്ങളിലെല്ലാം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് കിറ്റ് എത്തിച്ചതായും മന്ത്രി പറഞ്ഞു.

ഓണമുണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും സംസ്ഥാനത്ത് ഓണക്കിറ്റിന് അര്‍ഹരായവരില്‍ പകുതിപേര്‍ക്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പല റേഷന്‍ കടകളിലും കിറ്റുകള്‍ കിട്ടാനില്ല.

അര്‍ഹരായ ആറുലക്ഷം പേരില്‍ 3.12 ലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്. വിതരണത്തിലെ അനിശ്ചിതത്വങ്ങള്‍കൊണ്ടാകാം കിറ്റ് എത്തിയിട്ടും മുഴുവന്‍ ആളുകളും വാങ്ങാന്‍ എത്താത്ത റേഷന്‍ കടകളുമുണ്ട്.