തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം തിരുവല്ല ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല വൈ.എം.സി.എ യില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗം തുടങ്ങിയത് മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇത് പിന്നീട് വാക്ക് തര്‍ക്കത്തിലേക്കും അസഭ്യ വര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവുമായി. ഇതോടെ യോഗം തടസ്സപ്പെട്ടു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ തിരുവല്ല സൗത്ത് ബ്ലോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ വിഭാഗീയ പ്രവര്‍ത്തനം മൂലം ഡി.സി.സി നേതൃത്വം ഇടപെട്ട് മൂന്നു ദിവസത്തിനകം തന്നെ ഇത് പിരിച്ചുവിടുകയും ചെയ്തു. പിന്നാലെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. ഇക്കാര്യം വിശദീകരിക്കാന്‍ ആയിട്ടാണ് ഇന്ന് ഡി.സി.സി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിവനിടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.

Read more

പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ഹാളില്‍ നിന്നും ബലമായി പുറത്താക്കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് സംഘര്‍ഷം നിര്‍ത്തിച്ചത്.