യുവാവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; രണ്ടംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി

തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വെള്ളനാട് ആണ് രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി ആര്യനാട് പൊലീസിനെ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30ന് ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കൂവക്കുടി സ്വദേശി അരുണിന് നേരെയാണ് ആക്രമണം ഉണ്ടായത്.

വീടിന് സമീപം ഫോണില്‍ സംസാരിച്ച് നിന്ന അരുണിന് നേരെ ബൈക്കില്‍ ആയുധങ്ങളുമായെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു. അരുണിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും സംഘം ആക്രമിച്ചു. ഇതോടെ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. നാട്ടുകാരെ കണ്ടതോടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാള്‍ നിലത്ത് വീണതോടെ നാട്ടുകാര്‍ ഇരുവരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ ക്വട്ടേഷനുമായി എത്തിയതാണെന്ന് കണ്ടെത്തിയത്. 25,000 രൂപയ്ക്ക് യുവാവിനെ വധിക്കാന്‍ എത്തിയതാണെന്നാണ് പ്രതികള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്നോ എന്താണ് ക്വട്ടേഷന് പിന്നിലുള്ള കാരണമെന്നോ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. അരുണും അമ്മയും ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലാണ്. പ്രതികളിലൊരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.