"പ്രബന്ധത്തിൽ ചെറുതായൊന്നു തെറ്റിപ്പോയി"; പക്ഷെ ആ കുടുംബവുമായി ഇന്നും ഊഷ്മളമായ ബന്ധം തുടരുന്നു. വീണ്ടും ചർച്ചകൾ തുടങ്ങിവച്ച് ചിന്താ ജെറോമിന്‌റെ എഫ് ബി പോസ്റ്റ്

മലയാളത്തിന്റെ പ്രിയകവിയായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയെ ഓർക്കാത്തവർ ചുരുക്കമാണ്. സമീപകാലത്ത് ചങ്ങമ്പുഴ വാർത്തകളിൽ നിറഞ്ഞിരുന്നു. അതും ഒരു പിഎച്ച്ഡി പ്രബന്ധത്തിലെ തെറ്റായ പരാമർശത്തോടെ. കേരളത്തിലെ യുവജന കമ്മീഷന്റെ മുൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ പി എച്ച് ഡി പ്രബന്ധമാണ് ആ ചങ്ങമ്പുഴ കവവിതയുടെ ചർച്ച വീണ്ടും ഉയർത്തിയത്.

വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതാണെന്ന് ചിന്ത ജെറോം തന്‍റെ ഗവേഷണ പ്രബന്ധത്തിൽ എഴുതിയതാണ് വിവാദമായത്. പിന്നീട് ചർച്ചകശായി കളിയാക്കലുകളായി. ചങ്ങമ്പുഴ കവിതകൾകൊണ്ട് തന്നെ ചിന്തയെ സൈബർ ലോകം ട്രോളുകയായിരുന്നു. ഇപ്പോഴിതാ ആ ചർച്ചകൾ മറന്നുതുടങ്ങുന്നതിനിടെ ചങ്ങമ്പുഴകുടുംബവുമായുള്ള തന്റെ ബന്ധം പറയുന്ന ചിന്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.

കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കുടുംബവുമായുള്ള ബന്ധം ഊഷ്മളമായി തുടരുന്നുണ്ടെന്ന് ചിന്ത ജെറോം വെളിപ്പെടുത്തി. വിവാദങ്ങൾ ഉയർന്ന ഘട്ടത്തിലാണ് ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ ആദ്യം കാണുന്നത്. അന്ന് മുതൽ സ്നേഹവും വാത്സല്യവും നൽകി ചേർത്തു നിർത്തുകയാണ് ആ കുടുംബമെന്ന് ചിന്ത ജെറോം ഫേസ് ബുക്കില്‍ കുറിച്ചു. ചങ്ങമ്പുഴയുടെ കൊച്ചുമകൾ ശ്രീലത ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയപ്പോൾ കാണാമെന്നു പറഞ്ഞിരുന്നു. ഇന്നലെ എറണാകുളത്ത് എത്തിയപ്പോള്‍ ചങ്ങമ്പുഴയുടെ കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിച്ചെന്നും ചിന്ത ജെറോം കുറിച്ചു.

വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതാണെന്ന പ്രബന്ധത്തിലെ പിഴവ് വിവാദമായതോടെ സാന്ദർഭികമായി സംഭവിച്ച തെറ്റാണെന്നായിരുന്നു ചിന്തയുടെ മറുപടി. തന്റെ പ്രബന്ധത്തിലെ ആ പരാമർശം നോട്ടപ്പിഴവാണെന്നും ചിന്ത കുറിച്ചു. പ്രബന്ധത്തിലെ ഒരു വരിപോലും കോപ്പിയടിച്ചതല്ലെന്നും ചിന്ത അന്ന് വിശദീകരിച്ചിരുന്നു.

പ്രബന്ധത്തിലെ പിഴവ് വിവാദമായതോടെ ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ എറണാകുളത്തെ വീട്ടിലെത്തി കണ്ടാണ് ചിന്ത വിശദീകരിച്ചത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്. ചങ്ങമ്പുഴയുടെ മകൾ ലളിത അന്ന് ചിന്തയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.