ഇന്ത്യന്‍ എഐ ഉച്ചകോടിയില്‍ സ്വന്തമായി വികസിപ്പിച്ചതെന്ന് കാണിച്ച് അവതരിപ്പിച്ചത് ചൈനീസ് റോബോട്ട്, ബിജെപി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അഭിമാനപുരസരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ തൊലിയുരിച്ച് ചൈനീസ് മാധ്യമങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച ഇന്ത്യന്‍ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നാണക്കേടിന്റെ മറ്റൊരു ചരിത്രം. സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടിനെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച് ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ടിരിക്കുകയാണ് രാജ്യം. നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോത്തിയാസാണ് ചൈനീസ് റോബോര്‍ട്ടിനെ സ്വന്തമായി വികസിപ്പിച്ചതെന്ന് കാണിച്ചു പ്രദര്‍ശിപ്പിച്ചത്. ബിജെപി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവടക്കം അഭിമാനപുരസരം സോഷ്യല്‍ മീഡിയയില്‍ വീഡിയോ അടക്കം പങ്കുവെച്ചു രാജ്യത്തിന്റെ എഐ വളര്‍ച്ചയിലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാഴ്ത്തിപ്പാടി.

പിന്നാലെയാണ് ചൈനീസ് മാധ്യമങ്ങളിലും രാജ്യത്തെ സോഷ്യല്‍ മീഡിയയിലും ചൈനീസ് റോബോര്‍ട്ടിനെ ഇന്ത്യനാക്കിയ കഥ വെളിച്ചത്ത് വന്നത്. എഐ ഇംപാക്ട് എക്‌സ്‌പോയില്‍ കോടികള്‍ മുടക്കി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ടാണ് സര്‍വകലാശാല ചൈനീസ് നിര്‍മ്മിത റോബോട്ടിനെ അവതരിപ്പിച്ചത്. വിവിധ മാധ്യമങ്ങള്‍ക്കും ഇത് സംബന്ധിച്ച് പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും അഭിമുഖവും നല്‍കി. സര്‍വകലാശാലയുടെ എഐ ഫണ്ടില്‍നിന്നും 350 കോടി മുടക്കിയാണ് ഓറിയോണ്‍ എന്ന് പേരിട്ട റോബോട്ടിനെ വികസിപ്പിച്ചതെന്നുവരെ ഒരു പ്രൊഫസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിന്നാലെയാണ് ഗാല്‍ഗോത്തിയാസ് പറഞ്ഞതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങി റോബോട്ടിന്റെ ചിത്രങ്ങള്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവടക്കം അഭിമാനത്തോടെ അവതരിപ്പിച്ചത്. ചൈനീസ് മാധ്യമങ്ങള്‍ കള്ളി പൊളിച്ചതോടെ വെട്ടിലായിരിക്കുകയാണ് മോദി സര്‍ക്കാരും മന്ത്രിയും. യൂണിട്രീ എന്ന ചൈനീസ് കമ്പനിയുടെ ജിഒടു മോഡല്‍ റോബോ ഡോഗിനെ രണ്ട് ലക്ഷത്തിലധികം രൂപ നല്‍കി സര്‍വകലാശാല വാങ്ങിയതാണെന്ന് വ്യക്തമായി. സ്വന്തമായി വികസിപ്പിച്ചതെന്ന് അവകാശപ്പെട്ട് ചൈനീസ് റോബോട്ടിനെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച ഗല്‍ഗോത്തിയാസ് സര്‍വകലാശാലയെ ഉച്ചകോടിയില്‍നിന്നും പുറത്താക്കി.

ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കൃത്യമായി പാസ് നല്‍കാത്തതു മുതല്‍ നിയന്ത്രണാതീതമായ തിരക്കും എക്‌സിബിഷന്‍ സ്റ്റാളുകളിലെ എഐ ഉപകരണങ്ങള്‍ മോഷണം പോയത് വരെ ക്രമീകരണങ്ങളിലെ പാളിച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുമ്പോഴാണ് വ്യാജ റോബോഡോഗ് വിവാദം മോദി സര്‍ക്കാരിന്റെ ഉച്ചിയില്‍ വീഴുന്നത്.

Read more

സര്‍വകലാശാലയോട് ഉടന്‍ എഐ ഉച്ചകോടിയില്‍നിന്നും സ്ഥലം വിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. റോബോട്ടിനെ പുകഴ്ത്തിയുള്ള ട്വീറ്റ് കേന്ദ്രമന്ത്രി ഡിലീറ്റ് ചെയ്തു. അതേസമയം റോബോട്ട് തങ്ങള്‍ വികസിപ്പിച്ചതാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന് സര്‍വകലാശാല വിശദീകരിക്കുന്നു.
ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയെന്നും, യഥാര്‍ത്ഥ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പകരം വെറും പിആര്‍ ആയി ഉച്ചകോടി മാറിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.