എ.കെ.ജി വല്ലാതെ ക്ഷുഭിതനായി, പറഞ്ഞതെല്ലാം മറന്ന് മൈക്കിന് മുന്നില്‍ നിന്ന് പ്രസംഗം തുടങ്ങി; ആക്രമിസംഘങ്ങള്‍ക്ക് താക്കീത് നല്‍കി; അനുസ്മരിച്ച് പിണറായി

പാവങ്ങള്‍ക്ക് വേണ്ടി ഇടവേളകളില്ലാതെ പോരാടിയ അതുല്യ ജീവിതമായിരുന്നു എ കെ ജിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ കെ ജി ദിനാചരണം ഓര്‍മ്മകളുടെ കടലിരമ്പത്തിന്റെ വേള കൂടിയാണ്. ഞാനടങ്ങുന്ന തലമുറ ആ ജീവിതത്തെ വിസ്മയത്തോടെ അടുത്തറിഞ്ഞവരുടേതാണ്. എ കെ ജിയുടെ തണലില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയ അനുഭവങ്ങള്‍ ദശാബ്ദങ്ങള്‍ക്കു ശേഷവും മങ്ങാതെ മായാതെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ്. ജനങ്ങള്‍ എവിടെ അതിക്രമം നേരിടുന്നു അവിടേക്ക് ഓടിയെത്തി പ്രതിരോധത്തിന്റെ നേതൃത്വമേറ്റെടുക്കുന്നതായിരുന്നു എ കെ ജിയുടെ പ്രകൃതം.

കണ്ണൂര്‍ ജില്ലയിലെ തോലമ്പ്ര തൃക്കടാരിപ്പൊയിലില്‍ ഭൂരിപക്ഷവും സിപി എം പ്രവര്‍ത്തകരും അനുഭാവികളുമാണ്. എഴുപതുകളുടെ തുടക്കത്തില്‍ അവിടെ, കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടര്‍ച്ചയായി അക്രമം നടന്നു. പടിഞ്ഞാറന്‍ ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകര ഭരണത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കോണ്‍ഗ്രസുകാര്‍ നരനായാട്ട് തന്നെയാണ് നടത്തിയത്. അതിനായി എന്തിനും മടിക്കാത്ത ഒരു കൂട്ടവുമുണ്ടായിരുന്നു. പൊലീസും അവരെ സഹായിച്ചു.

പീഡനത്തില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവസരം പോലും അധികാരികള്‍ നിഷേധിച്ചു. അത്യന്തം ഗുരുതരമായ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ എ കെ ജി ആ പ്രദേശം സന്ദര്‍ശിച്ച് പൊതുയോഗത്തില്‍ പ്രസംഗിക്കണമെന്ന് പാര്‍ടി നിശ്ചയിച്ചു. സുശീലയോടൊപ്പമാണ് എ കെ ജി വന്നത്. കലശലായ അസുഖമുണ്ടായിരുന്നു. കാറില്‍ കയറിയ ഉടനെ, എന്നോടും സുശീലയോടുമായി പറഞ്ഞു, ”ഞാന്‍ അവിടെ വെറുതെ വന്നിരിക്കുകയേ ഉള്ളൂ. നിങ്ങള്‍ പ്രസംഗിച്ചാല്‍ മതി’. അല്‍പം എന്തെങ്കിലും സംസാരിക്കണമെന്ന് ഞങ്ങളിരുവരും നിര്‍ബന്ധിച്ചെങ്കിലും എ കെ ജി സമ്മതിച്ചതേയില്ല.

കാര്‍ പൊതുയോഗ സ്ഥലത്തെത്തിയപ്പോള്‍ അവിടെ ഹര്‍ത്താലായിരുന്നു. എ കെ ജിയുടെ പൊതുയോഗം മുടക്കാന്‍ കോണ്‍ഗ്രസ് സംഘം കടകളടപ്പിച്ച്, ജനങ്ങളെ ഭീഷണിപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ടിച്ചിരുന്നു. എ കെ ജി എത്തിയത് മനസ്സിലാക്കി ജനങ്ങള്‍ അടുത്തേക്കു വന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ ജനക്കൂട്ടമായി. കാര്യങ്ങള്‍ വിശദമായി സഖാക്കളോട് ചോദിച്ചറിഞ്ഞ എ കെ ജി വല്ലാതെ ക്ഷുഭിതനായി. നേരത്തെ പറഞ്ഞതെല്ലാം മറന്ന് മൈക്കിന് മുന്നില്‍ നിന്ന് പ്രസംഗം തുടങ്ങി.
തോലമ്പ്ര പ്രദേശത്തിന്റെ ചരിത്രവും കമ്യൂണിസ്റ്റ് പാര്‍ടിയുടെ കരുത്തും വിശദീകരിച്ചു. ആക്രമി സംഘങ്ങള്‍ക്ക് താക്കീത് നല്‍കി. വികാരതീവ്രമായ പ്രസംഗം. മൈക്കിന് മുന്നില്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നു പറഞ്ഞ എകെജിയെയല്ല, എത്ര കടുത്ത പരീക്ഷണങ്ങള്‍ക്കുമുന്നിലും പതറാതെ ജനങ്ങളെ നയിക്കാന്‍ കരുത്തനായ സമരനായകനെയാണ് കണ്ടത്.

പ്രസംഗമവസാനിപ്പിച്ച് എകെജി ഇരിക്കുമ്പോള്‍, സുശീലക്കോ എനിക്കോ പിന്നെ പ്രസംഗത്തിനുള്ള സമയമോ വിഷയമോ അവശേഷിച്ചിരുന്നില്ല. അതായിരുന്നു എ കെ ജി. ഒരിക്കലെങ്കിലും ആ സാന്നിധ്യം അനുഭവിച്ചവര്‍ ഒരിക്കലും മറക്കാത്ത നേതൃരൂപമായിരുന്നു എ കെ ജി. ആ സമരസ്മരണകള്‍ക്ക് മരണമില്ലന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.