ആശ പ്രവർത്തകർക്കുള്ള ഓണറേറിയം ആയിരംരൂപ വര്‍ധിപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ആശ വര്‍ക്കര്‍മാര്‍. വിരമിക്കല്‍ ആനുകൂല്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റിനു മുന്നില്‍ സമരംചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.
‘വിരമിക്കല്‍ ആനുകൂല്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിക്കും. ഞങ്ങള്‍ ആവശ്യപ്പെട്ടത് 21,000 രൂപയാണ്. സമരം ഇന്ന് 263-ാം ദിവസമാണ്. 1000 രൂപ എത്രയോ ചെറുതാണ്. സമരത്തിന്റെ രൂപം എങ്ങനെ വേണമെന്ന് നാളത്തെ യോഗത്തില്‍ തീരുമാനിക്കും. അഞ്ചുലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നേടിയെടുക്കുന്നതുവരെ സമരം തുടരും’, ആശ സമരസമിതി പ്രതിനിധി മിനി പറഞ്ഞു.
Read more
ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കുമെന്നായിരുന്നു ഇന്ന് മന്ത്രിസഭാ യോഗത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. 26,125 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവര്‍ഷം 250 കോടി രൂപയാണ് ചെലവാകുകയെന്നും ഇവര്‍ക്ക് ഇതുവരെയുള്ള കുടിശികയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.







