പി. വി അൻവർ എം.എൽ.എയ്ക്ക് തിരിച്ചടിയായി മലപ്പുറത്തെ വിവാദ തടയണ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവ്

പി. വി അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിന്‍റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ 15 ദിവസത്തിനകം പൊളിച്ചു നീക്കാൻ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. പി. വി അന്‍വറിന്‍റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്‍റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ തടയണയാണ് പൂർണമായും പൊളിച്ചു നീക്കാൻ കോടതി ഉത്തരവിട്ടത്. തടയണയുടെ മുകളിലെ 12 അടിയും താഴത്തെ ആറ് അടിയും പൊളിച്ചു നീക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ തടയണ പൂർണമായി പൊളിച്ചു മാറ്റാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും നീരൊഴുക്ക് സുഗമമാക്കി എന്നുമായിരുന്നു സ്ഥലം ഉടമ ഹൈക്കോടതിയെ അറിയിച്ചത്. തുടർന്നാണ് ജില്ലാ കളക്ടറോട് തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ നൽകാൻ കോടതി നിർദ്ദേശിച്ചത്. തടയണ അപകട ഭീഷണി ഉണ്ടാക്കുമെന്നും കഴിഞ്ഞ മഴക്കാലത്ത് ഈ മേഖലയിൽ നാല് ഉരുൾപൊട്ടലുകൾ ഉണ്ടായതായും വിദഗ്ധ സമിതിയും റിപ്പോർട്ട് നൽകിയിരുന്നു. ഹർജി രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും