പുല്‍ക്കൂട് നശിപ്പിച്ച മുസ്തഫയ്ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കണം; മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കത്തെ തടയണമെന്ന് കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ് മുളിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മതസൗഹാര്‍ദം തകര്‍ക്കാനുള്ള മതമൗലികവാദികളുടെ ബോധപൂര്‍വ്വമായ നീക്കത്തെ തടയിടേണ്ടതുണ്ട്.

ഉണ്ണിയേശുവിന്റെ പ്രതിമ ഉള്‍പ്പെടെ നശിപ്പിച്ച പ്രതി മുസ്തഫ അബ്ദുള്ളയ്ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണം. ഇയാളുടെ വാട്‌സാപ്പ് ഡിപി ഐഎസ്‌ഐഎസിന്റെ പതാകയാണെന്ന ആരോപണം ഗൗരവതരമാണ്. അനിസ്ലാമികമായതൊന്നും കേരളത്തില്‍ നടക്കില്ലെന്ന ഭീഷണിയാണ് പുല്‍ക്കൂട് നശിപ്പിക്കലിലൂടെ വ്യക്തമാകുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ഈ സംഭവത്തില്‍ പുലര്‍ത്തുന്ന മൗനം മതമൗലികവാദികള്‍ക്കുള്ള പിന്തുണയാണ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.