നിലപാട് മാറ്റി; ബിഡിജെഎസിനെ കൂടെനിര്‍ത്താന്‍ ലക്ഷ്യമിട്ട് സിപിഐഎം

രൂപീകരണ കാലം മുതല്‍ ബിഡിജെഎസിനെ വിമര്‍ശിച്ച സിപിഐഎം നിലപാട് മാറ്റുന്നു. സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ദുര്‍ബലപ്പെട്ടുവെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ബിഡിജെഎസില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ബിഡിജെഎസിനെ മുന്നണിയിലേക്ക് അടുപ്പിക്കണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

2016ല്‍ പത്തു സീറ്റുകളില്‍ ബിഡിജെഎസ് 25000ത്തിലധികം വോട്ട് പിടിച്ചുവെങ്കിലും പിന്നീട് ശക്തി നിലനിര്‍ത്താന്‍ ബിഡിജെഎസിന് ആയിട്ടില്ലെന്നും സിപിഐഎം അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം എല്‍ഡിഎഫിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ല, അതേസമയം ബിഡിജെഎസിനെ അനുകൂലിക്കുന്ന ഒരു വിഭാഗം എല്‍ഡിഎഫിന് വോട്ട് ചെയ്തു.

പിന്നോക്ക വിഭാഗത്തിലെ ഇടത്തരക്കാര്‍ ബിജെപിയിലേക്ക് പോകരുതെന്ന് ശ്രദ്ധിക്കണമെന്ന് അപലോകന റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ബിഡിജെഎസ് അണികള്‍ ബിജെപിയിലെത്താതിരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം മുസ്ലീം വിഭാഗത്തിന്റെ ഏകീകരണ ശ്രമങ്ങള്‍ ചെറുക്കാനും പാര്‍ട്ടി മുന്നിട്ടിറങ്ങണമെന്നും റിപ്പോര്‍ട്ട് പറയുന്നു.