ചന്ദ്രികയുടെ ഭൂമി ആരുമറിയാതെ വിറ്റു, വരിസംഖ്യയായി പിരിച്ച കോടികൾ കാണിനില്ല; പരാതിയുമായി ജീവനക്കാർ

ചന്ദ്രിക പത്രത്തിലെ പണമിടപാട് മുസ്ലീം ലീ​ഗിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പത്രത്തിലെ കോടിക്കണക്കിന് രൂപ കാണാനില്ലെന്ന പരാതിയുമായി ജീവനക്കാർ രം​ഗത്ത്

കെയുഡബ്ല്യുജെ-കെഎൻഇഎഫ് ചന്ദ്രിക കോ-ഓർഡിനേഷൻ കമ്മറ്റി നൽകിയ പരാതിയാണ് വീണ്ടും ചർച്ചയാവുന്നത്. 2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാർ ലീഗ് നേതൃത്വത്തിന് കത്തുനൽകിയത്.

ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാർഷിക വരിസംഖ്യ കാണാനില്ലെന്നാണ് പ്രധാന ആരോപണം. 2016- 17ൽ പിരിച്ച 16.5 കോടിയും 2020 ൽ പിരിച്ച തുകയും കാണാനില്ലെന്ന് ജീവനക്കാർ പറയുന്നു.

ചന്ദ്രിക ഫിനാൻസ് ഡയറക്ടറായ പിഎംഎ സമീറിനെതിരെ വലിയ ആരോപണങ്ങളാണ് ജീവനക്കാർ ഹർജിയിൽ ഉന്നയിക്കുന്നത്. ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയിൽ പറയുന്നുണ്ട്. കെടിസി ഷോറൂമിന് അടുത്തുണ്ടായിരുന്ന സ്ഥലം കെടിസിക്ക് ആരുമറിയാതെ വിറ്റെന്നാണ് പരാതിയിൽ പറയുന്നത്.

കോഴിക്കോട് ബീച്ചിനരികെ ഉണ്ടായിരുന്ന വെയർഹൗസ് വിറ്റതും പലരും അറിഞ്ഞിട്ടില്ല. കൊച്ചിയിലെ തന്ത്രപ്രധാനമായ സ്ഥലത്തുണ്ടായിരുന്ന സ്ഥലം വിറ്റതും തുച്ഛവിലക്കായിരുന്നു.

കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും ചന്ദ്രികയെ നശിപ്പിക്കുകയാണെന്നും പാർട്ടി നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നാണ് ഹർജി അവസാനിപ്പിച്ചു കൊണ്ട് ജീവനക്കാർ ആവശ്യപ്പെടുന്നത്.