സിക്ക വൈറസ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും

സിക്ക വൈറസ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം ഇന്ന് സന്ദർശനം നടത്തും. തിരുവനന്തപുരത്തെ പ്രശ്നബാധിത സ്ഥലങ്ങളായ നന്തൻകോടും പാറശാലയിലുമാകും സന്ദർശനം. വൈറസ് കണ്ടെത്താൻ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാദ്ധ്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. അതേസമയം മൂന്നാം ഘട്ടത്തിൽ അയച്ച സാമ്പിളുകളുടെ ഫലം വരാനുണ്ട്.

സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്.

രോഗികളിൽ ഒരാൾ 46 വയസുള്ള പുരുഷനാണ്. 22 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിയുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.