ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണം വേഗത്തിലാക്കാൻ നിർദേശം, പ്രമുഖരെ അടക്കം ചോദ്യംചെയ്യാന്‍ സാദ്ധ്യത

ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാൻ സിബിഐയ്ക്ക് നിർദേശം. സംസ്ഥാന വിജിലൻസ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ തലപ്പത്തു നിന്ന് നി‍ർദേശമെത്തിയത്. ലൈഫ് മിഷനിലെ ചില ഉദ്യോഗസ്ഥരെയടക്കം പ്രതി ചേര്‍ത്ത് രജിസ്റ്റർ ചെയ്ത കേസില്‍, പ്രമുഖരെയടക്കം വരും ദിവസങ്ങളില്‍ സി.ബി.ഐ ചോദ്യം ചെയ്തേക്കാം.

പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നീങ്ങുമ്പോള്‍ സർക്കാരിനും മറുപടി പറയേണ്ടി വരും. യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റുമായി ചേർന്ന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി തുടങ്ങാനുണ്ടായ സാഹചര്യം അടക്കം സി.ബി.ഐ പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയടക്കമുള്ളവർ കമ്മീഷന് തട്ടിയെടുക്കാന്‍ വേണ്ടിയാണോ ഈ നീക്കം നടത്തിയതെന്നുള്ള സംശയമാണ് സിബിഐയ്ക്ക് ഉള്ളത്. ആദ്യം 13 കോടിയുടെ പദ്ധതിക്കാണ് സർക്കാർ അനുമതി നല്‍കിയത്. എന്നാല്‍ റെഡ് ക്രെസന്റ് വന്നപ്പോള്‍ അത് 20 കോടിയായി മാറിയത് എങ്ങനെയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

അനില്‍ അക്കരെ എം.എല്‍.എ നല്‍കിയ പരാതിയില്‍ കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നിട്ടുള്ളതായാണ് ആരോപണം.

മറ്റൊരു കമ്പനിയായ യുണിടാക്കിന് കരാർ നല്‍കിയതാണ് കൂടുതല്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നത്. നടപടി ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഈ രണ്ട് കമ്പനികളേയും ലൈഫ് മിഷനിലേക്ക് കൊണ്ടു വന്നതെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഈ കമ്പനികളുടെ പ്രതിനിധികളെയടക്കം ഉടന്‍ ചോദ്യം ചെയ്തേക്കും. ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഈ വിശദാംശങ്ങള്‍ കൂടി സി.ബി.ഐ പരിശോധിക്കുന്നുണ്ട്.