ചത്തീസ്‌ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ ബിജെപിക്കെതിരേ അതിരൂക്ഷ വിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയതെന്ന് മുഖപ്രസംഗം വിമർശിക്കുന്നു. മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
‘തടയനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണെ’ന്നും മുഖപ്രസംഗം ആരോപിക്കുന്നു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിന് കൈമാറുക. മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്ന് ബിജെപിക്ക് അറിയാതെയാണോ എന്നും ദുരൂഹതയേറുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്. ബിജെപി വിചാരിച്ചാൽ വർഗീതയതെ തളയ്ക്കാം. പക്ഷേ, അധികാരത്തിൻ്റെ ആ അക്രമോത്സുകരഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല.
ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ഛത്തീസ്ഗഢിലും ഒഡീഷയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്ക് കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്‌തവരും മുസ്‌ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂർവം ഓർമിപ്പിക്കുന്നെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
Read more
ദുർഗ് റെയിൽവേ സ്‌റ്റേഷനിൽവെച്ച് അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർ നിലവിൽ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ഞായറാഴ്‌ചയായതിനാൽ ജാമ്യാപേക്ഷ നൽകാനായിട്ടില്ല. തിങ്കളാഴ്‌ച ഇതിനുള്ള നടപടികളുണ്ടാകും. കണ്ണൂർ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമാണ് സിസ്റ്റർ പ്രീതി മേരി.







