നടിയുടെ പേര് വെളിപ്പെടുത്തിയ കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി തള്ളിയത്.

അതേസമയം ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായത്. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് തുടരുക. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെ രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.

ഏപ്രില്‍ 22നാണ് പീഡിപ്പിച്ചുവെന്നാരേപിച്ച് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.

പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈഗംക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നുമാണ് വിജയ് ബാബു പറയുന്നത്.