വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

ഹൈക്കോടതി ജാമ്യം നിേധിച്ചതിനെ തുടര്‍ന്നാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാന സാക്ഷികളുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെയാണ് ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കിയത്. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് ജാമ്യം നല്‍കിയത്.

ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.വിചാരണം പൂര്‍ത്തിയായി ശിക്ഷ വിധി വരുന്നതോടെയാണ് ഇനി മറ്റ് നടപടികളിലേക്ക് കടക്കുകയുള്ളു.

കഴിഞ്ഞ ജൂണ്‍ 21നായിരുന്നു നിലമേല്‍സ്വദേശിയായ വിസ്മയയെ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവും, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. സംഭവത്തിന് പിന്നാലെ കിരണിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.