വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിച്ച കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴിയെടുത്തു

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിച്ച കേസില്‍ ഒന്നും അറിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൊഴി. കേസില്‍ രാഹുലിനെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ മൊഴി പുറത്തുവന്നത്. നാല് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ രാഹുല്‍ ആരോപണം നിഷേധിച്ചു.

രാവിലെ 10.30ന് ആയിരുന്നു മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവര്‍ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന് പൊലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ നാലുപേര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. അതേ സമയം ഇനിയും പിടിയിലാകാനുള്ളവര്‍ക്കായി അന്വേഷണം തുടരുന്നു. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ച ശേഷം വീണ്ടും രാഹുലിന്റെ മൊഴിയെടുക്കും.