നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണം, പ്രോസിക്യൂഷന്‍ ഇന്ന് അപ്പീല്‍ നല്‍കും

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെയാണെന്ന് കാര്‍ഡ് തുറന്ന് പരിശോധിക്കണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു.

നേരത്തെയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും വിചാരണക്കോടതി ആവശ്യം നിരസിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. അതേസമയം കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലവും ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയേക്കും.

ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ നീക്കം. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.പ്രതികളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ ശബ്ദ രേഖകള്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയതോടെ പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍ നടക്കുന്നത്. കേസില്‍ ദിലീപിന് എതിരെ തെളിവുകള്‍ ഇല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകളുടെ ആധികാരത പരിശോധിക്കണം. പഴയ രേഖകളാണ് ഹാജരാക്കിയിരിക്കുന്നത്. മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന്‍ ആരേപിക്കുന്ന സമയം ദിലീപ് ജയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.