നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ഹൈക്കോടതി, സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ടിലില്ല. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട.് എന്നാല്‍ ദൃശ്യങ്ങളുള്ള ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല. പിന്നെ എങ്ങനെ ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന് പറയാനാകുമെന്നും കോടതി ചോദിച്ചു.

ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാണല്ലോയെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ പ്രോസിക്യൂഷന്‍ തള്ളിപ്പറയുകയാണോ എന്നും ചോദിച്ചു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിച്ചതു കൊണ്ട് അന്വേഷണത്തില്‍ ഒന്നും നേടാനില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചിട്ടുള്ള സ്ഥിതിക്ക് പരിശോധനയെ എതിര്‍ക്കുന്നത് എന്തിനാണെന്ന് പ്രതിഭാഗത്തോട് കോടതിയും ചോദിച്ചു.

മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും അതിജീവിതക്ക് ആശങ്ക വേണ്ടെന്നും കോടതി വ്യക്തമാക്കി. കേസില്‍ നാളെയും വാദം തുടരും. കോടതിയിലെ മെമ്മറി കാര്‍ഡിലുള്ളത് തന്റെ ദൃശ്യമാണ്. അത് പുറത്ത് പോയാല്‍ ഭാവിയെ ബാധിക്കും. കോടതിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ആക്രമ ദൃശ്യങ്ങള്‍ ആരാണ് ചോര്‍ത്തിയതെന്ന് അറിയണമെന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു.

ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടുവെന്ന് സാക്ഷിമൊഴിയുണ്ടെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന കോടതി മറുപടിയായി ചോദിച്ചിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.