നടിയെ ആക്രമിച്ച കേസ്; ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം മൂലമെന്ന് കെ.സി വേണുഗോപാല്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പോര് മുറുകുന്നു. വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസ്താവന കുറ്റബോധം മൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞടുപ്പില്‍ വിഷയം ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്താമാക്കി.

യുഡിഎഫാണ് നടനെ സഹായിക്കുന്നതെന്ന ഇ പി ജയരാജന്റെ ആരോപണം തിരഞ്ഞെടുപ്പ് തമാശയാണ്. എല്‍ഡിഎഫ് അല്ലേ ഇപ്പോള്‍ ഭരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. കേസില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിനും വിചാരണ കോടതിയ്ക്കും എതിരെയാണ് ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയാകുന്നത്.

തൃക്കാക്കരയില്‍ ബിജെപിയുമായി കോണ്‍ഗ്രസിന് വോട്ട് കച്ചവടമുണ്ടെന്ന് ആരോപണത്തിലും കെ സി വേണുഗോപാല്‍ മറുപടി പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ എല്ലാ ഓഫീസുകളിലും കയറും. ബിജെപിയുടെ ഓഫീസില്‍ മാത്രമല്ല സിപിഎമ്മിന്റെ ഓഫീസിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് കയറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തൃക്കാക്കരയില്‍ തിരഞ്ഞടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി അഞ്ചു ദിവസങ്ങള്‍ കൂടിയാണ് പ്രചാരണം. കെ സി വേണുഗോപാല്‍ ഇന്ന് ഉമ തോമസിന് വേണ്ടി പ്രചാരണം നടത്തും. ജോ ജോസഫിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ ഇന്നും തുടരും. മെയ് 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണും.