നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ കൈവശമില്ല, ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപ്

നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്റെ ആരോപണം നിഷേധിച്ച് ദിലീപ്. ദൃശ്യങ്ങള്‍ കൈവശമില്ല. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ്. ഫോണുകള്‍ പിടിച്ചെടുക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം തടയണം. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 2018 ജനുവരി 9 നും ഡിസംബര്‍ 13നുമാണ് മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തിരിക്കുന്നത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.