നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡി.ജി.പി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചു. കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചാല്‍ അത് സംസ്ഥാനത്തെ ലാബിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നാണ് നേരത്തെ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നത്. ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കേസ് പരിഗണിച്ച കോടതി ഹാഷ് വാല്യൂ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങള്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ ദീപയോട് ചോദിച്ചറിഞ്ഞു. മെമ്മറി കാര്‍ഡിലെ ഫയലുകള്‍ പരിശോധിച്ചാല്‍ കാര്‍ഡിന്റെ ഹാഷ് വാല്യു മാറും. റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ മൊത്തം ഹാഷ് വാല്യു മാറിയതിനാല്‍ വീഡിയോ ആരോ കണ്ടിട്ടുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.

അതേസമയം വീഡിയോയുടെ ഹാഷ് വാല്യു മാറിയിട്ടില്ല. അതിനാല്‍ ദൃശ്യങ്ങളാരും കോപ്പി ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. വാദത്തിനിടെ മെമ്മറി കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന കേസിനെ ബാധിക്കുന്ന സാഹചര്യമില്ലല്ലോ എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ പ്രോസിക്യൂഷനോട് ചോദിച്ചു.

പ്രോസിക്യൂഷന്‍ നീക്കം വിചാരണ വൈകിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. അതേസമയം കേസില്‍ വാദം തുടരും. ചൊവ്വാഴ്ചയാണ് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്. അട്ടിമറി ശ്രമം ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച പരിഗണിക്കും.