മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പച്ചത്തെറി പറഞ്ഞ് വർഗീയ പരാമർശങ്ങൾ നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നമോ ടി.വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.
കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്നായിരുന്നു കെ.സുധാകരനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞത്.
Read more
സോഷ്യല്‍ മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. എത്ര മോശമാണിത്. ഞാന്‍ ആ വീഡിയോ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രാഹിമിന് അയച്ചു കൊടുത്തു. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ട് യാതൊരു നടപടിയുമില്ല. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമം. സര്‍ക്കാര്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇത് നടക്കില്ലെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.