ചവറയില്‍ വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബർക്കുമൻസ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56), തമിഴ്നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. 22 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 12.30 ഓടെ ചവറ ദേശീയപാതയിൽ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് നിന്ന് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസ്സിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാനിടിച്ചാണ് അപകടം.

Read more

34 പേരാണ് അപകടത്തില്‍ പെട്ട വാനിലുണ്ടായിരുന്നത്. പരിക്കേറ്റ 20 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ടവരില്‍ 12 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. മാര്‍ത്താണ്ഡം സ്വദേശി റോയി, വിഴിഞ്ഞം സ്വദേശി വര്‍ഗീസ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.