സ്വകാര്യ ബസുകളില്‍ ക്യാമറയും സീറ്റ് ബെല്‍റ്റും; പ്രതിഷേധവുമായി ബസുടമകള്‍; സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ 25ന് യോഗം ചേരും

സ്വകാര്യ ബസുകളില്‍ നവംബര്‍ ഒന്ന് മുതല്‍ അകത്തും പുറത്തും ക്യാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബസുടമകള്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്വകാര്യ ബസുടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും.

ചെറിയ സമയപരിധിയ്ക്കുള്ളില്‍ ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബസുടമകള്‍ ഉന്നയിക്കുന്ന വാദം. അതേ സമയം 140 കിലോ മീറ്ററില്‍ കൂടുതലുള്ള ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെ നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നതായി ബസുടമകള്‍ ആരോപിക്കുന്നു. ഇത് കൂടാതെ വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സെഷന്‍ സംബന്ധിച്ച ഉടമകളുടെ ആവശ്യവും സര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നതും വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്.

ഇതിനിടെ സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാതക്കുന്നതും അപ്രായോഗികമാണെന്നാണ് സംഘടനകളുടെ അഭിപ്രായം. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എല്ലാ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബസുടമകള്‍ ആലോചിക്കുന്നത്.