വിദ്യാര്‍ത്ഥി യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്ന കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഒക്ടോബർ 21-ന് പുനഃരാരംഭിക്കും. ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്നും ക്ലാസുകൾ 21 ന് പുരനരാരംഭിക്കുമെന്നും വൈസ് ചാൻസിലര്‍ ഡോ.പി. രവീന്ദ്രൻ അറിയിച്ചു.
സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന പരാതി അംഗീകരിച്ച വൈസ് ചാൻസലര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാർട്ട്മെന്റ് യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം നിർത്തിവയ്ക്കാനും വൈസ് ചാൻസലർ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് സംഘർഷത്തിൽ വിശദമായ അന്വേഷണത്തിന് സീനിയർ അധ്യാപകരുടെ കമ്മിറ്റിയും വിസി രൂപീകരിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സീനിയർ അധ്യാപകരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ വിസി നിയോഗിച്ചിട്ടുണ്ട്.
Read more
പത്തു ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. ഡോ. സന്തോഷ് നമ്പി ചെയർമാനായ കമ്മിറ്റിയിൽ ഡോ. എ.എം.വിനോദ് കുമാർ, ഡോ.എൻ.മുഹമ്മദ് അലി, ഡോ.പ്രീതി കുറ്റിപുലക്കൽ, ഡോ. കെ.കെ.ഏലിയാസ് എന്നിവർ അംഗങ്ങളാണ്.







