നിയമസഭാ സമ്മേളനം ഇന്ന് ; പുതുപ്പള്ളി വിജയത്തിന്റെ കരുത്തിൽ പ്രതിപക്ഷം, ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ ഇന്ന്

പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും.പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് സഭ താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് ഫലം വന്നതോടെയാണ് സഭ പുനരാരംഭിക്കുന്നത്.

അതേ സമയം പുതുപ്പള്ളി നൽകിയ വമ്പൻ ഭൂരുപക്ഷത്തിന്റെ ആത്മവിശ്വാസവും കരുത്തുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തുക. സോളാർ കേസിലെ സിബിഐ റിപ്പോർട്ട് സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാൻ സോളാറിൽ ഗൂഡാലോചന നടന്നുവെന്നാണ് സിബിഐ റിപ്പോർട്ട്.
എന്നാൽ മാസപ്പടി ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയരുമോ എന്ന് കണ്ടറിയണം.

സംസ്ഥാന സർക്കാരിനെതിരായ ജനവിധിയായി പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പുഫലത്തെ ഉയർത്തി സഭയെ നേരിടാനാണ് പ്രതിപക്ഷം ശ്രമിക്കുക.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണെന്നും, സിപിഐഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിതെന്നും പ്രതിപക്ഷ നേതാവ് നേരത്തെ പ്രതികരിച്ചിരുന്നു.

രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്ക് ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കുടുംബാംഗങ്ങൾക്കൊപ്പമാകും ചാണ്ടി ഉമ്മൻ സഭയിലേക്കെത്തുക. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നും 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.