പൊലീസ് നിയമ ഭേദഗതി പിൻവലിച്ചു; തീരുമാനം മന്ത്രിസഭായോഗത്തിൽ, നീക്കം കടുത്ത എതിർപ്പിന് ഒടുവിൽ

വിവാദമായ പൊലീസ്  നിയമ ഭേദഗതി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുമ്പാണ് പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

തീരുമാനം ഗവർണറെ അറിയിക്കും. ഭേദഗതി റദ്ദാക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.

സൈബർ‌ സുരക്ഷയ്ക്കായി പുതിയ ഭേദഗതി വിശദമായ ചർച്ചയ്ക്കു ശേഷം കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. ഓർഡിനൻസ് വിഷയം ചർച്ച ചെയ്യാനാണ് 3.30-ന് പ്രത്യേക മന്ത്രിസഭായോഗം ചേർന്നത്.

നിലവിലുള്ള പൊലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഒക്ടോബർ 22-ന് ചേർന്ന മന്ത്രിസഭ ശിപാർശ ചെയ്തത്.