കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന്

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് സംബന്ധിച്ച കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. നിലവില്‍ അന്വേഷണം ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടന്നിരുന്നത്. എന്നാല്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അതിനാല്‍ വിജിലന്‍സോ മറ്റ് ഏജന്‍സിയോ കേസ് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റം.

ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനാണ് പൊലീസ് മേധാവിക്ക് കത്തയച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസ് അന്വേഷിക്കുക. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറും സംഘത്തില്‍ തുടരും. പതിനാറംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.

കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ള നാല് പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കും. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങി ഇടനിലക്കാര്‍ വഴിയാണ് കോര്‍പ്പറേഷനില്‍ കെട്ടിട നമ്പര്‍ തരപ്പെടുത്തിയെടുത്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്.

Read more

കഴിഞ്ഞ മാസമാണ് കോര്‍പ്പറേഷനില്‍ വന്‍ തട്ടിപ്പ് നടന്നത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. വ്യാജ രേഖ നിര്‍മ്മാണം, ഐ ടീ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.