കോഴ വിവാദം; സി.കെ ജാനുവിന്റെ മൊബൈൽ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു

ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്.

സി.കെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ ജാനു ഉപയോഗിക്കുന്ന രണ്ട് ഫോണ്‍ ഉൾപ്പെടെ മൂന്ന് സ്മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ജാനുവിൻറെയും സഹോദരൻറെ മകൻ അരുണിൻറെയും മൊബൈൽ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

കേസിൽ പ്രതിയായ സി.കെ. ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്.

ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. അതേസമയം കെ.സുരേന്ദ്രനും സി.കെ.ജാനുവും പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി നേതാക്കളെ പ്രതിചേർക്കും.

ബി.ജെ.പി വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെ കേസിൽ പ്രതി ചേർക്കാനാണ് തീരുമാനം.ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുക്കാൻ തീരുമാനിച്ചത്.