കൈക്കൂലി കേസ്; സിജെ എല്‍സി കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി, തെളിവുകള്‍ വിജിലന്‍സിന്

എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ അറസ്റ്റിലായ എം ബി എ വിഭാഗം അസിസ്റ്റന്റ് സി.ജെ.എല്‍സി മറ്റു നാല് കുട്ടികളില്‍ നിന്നും പണം വാങ്ങിയതായി കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

നാല് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഘട്ടം ഘട്ടമായി എല്‍സിയുടെ അക്കൗണ്ടിലേയ്ക്ക് പണം എത്തുകയായിരുന്നു. എല്‍സിയുടെ അക്കൗണ്ട് വിവരങ്ങളില്‍ നിന്നാണ് ഇക്കാര്യം സംബന്ധിച്ച തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചത്. 2010-2014 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് പണം നല്‍കിയിരിക്കുന്നത്. ഒന്നിലധികം തവണ പരീക്ഷ എഴുതിട്ടും ജയിക്കാതിരുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു എല്‍സിയുടെ നീക്കങ്ങള്‍.

മെഴ്‌സി ചാന്‍സില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണമിടപാട് നടത്തിയിരുന്നത്. പണം നല്‍കിയ വിദ്യാര്‍ത്ഥികളുടെയും എല്‍സിയുടെയും ഫോണ്‍ സംഭാഷണങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ ഇറങ്ങിയ എല്‍സിയെയും പണം നല്‍കിയ വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം.

എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എംജി സര്‍വകലാശാലാ പരീക്ഷാഭവന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സിക്ക് കഴിഞ്ഞ ദിവസമാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം എന്‍ക്വയറി കമ്മിഷന്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജി ജി. ഗോപകുമാര്‍ ആണ് ജാമ്യം അനുവദിച്ചത്.

ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ജനുവരി 28നാണ് എല്‍സിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം എംജി സര്‍വകലാശാലയില്‍ അറസ്റ്റ് ചെയ്തത്. പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ വേഗത്തില്‍ നല്‍കുന്നതിന് എല്‍സി 1,10,000 രൂപ മുന്‍പ് വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.